മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ നടപ്പിലാക്കുന്ന അഗ്രോ സ്പെയ്സ് കാർഷിക പദ്ധതിക്ക് തുടക്കമായി. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പതിനായിരം കുടുംബങ്ങൾക്കുള്ള വാഴക്കന്ന് വിതരണവും മികച്ച കർഷകർക്കുള്ള വൈസനിയം കാർഷിക അവാർഡ് ദാനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.
മനസ്സുവെച്ച് മണ്ണിലേക്കിറങ്ങിയാൽ കേരളത്തിനു വേണ്ട പച്ചക്കറികൾ വിഷരഹിതമായ രീതിയിൽ നമുക്കുതന്നെ ഉൽപാദിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ പൊതുസംവിധാനങ്ങൾക്ക് കാർഷിക രംഗത്ത് ചെയ്യാൻ സാധിക്കുന്നതിലുപരി ജനകീയാടിത്തറയുള്ള മഅ്ദിൻ അക്കാദമി പോലെയുള്ള സന്നദ്ധ സ്ഥാപനങ്ങൾക്ക് ഇടപെടാൻ കഴിയും. സംസ്ഥാനത്ത് ഇരുപത് ലക്ഷം മെട്രിക് ടൺ പച്ചക്കറികൾ ആവശ്യമാകുന്നിടത്ത് 6.3 ലക്ഷം മെട്രിക് ടൺ മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ ഉൽപാദിപ്പിച്ചിരുന്നത്. ഇത് കൂട്ടായ പ്രയത്‌നത്തിലൂടെ ഒരു വർഷംകൊണ്ട് 9.15 ലക്ഷം മെട്രിക് ടൺ ആയി ഉയർത്താൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കാർഷിക രംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിൻ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച കാർഷിക പദ്ധതികളുടെ തുടർച്ചയണ് വൈസനിയം ആഗ്രോസ്‌പെയ്‌സ്.. വിദ്യാർത്ഥികൾക്കിടയിൽ കാർഷികാവബോധം സൃഷ്ടിക്കുന്നതിന് ഇൻസ്റ്റിറ്റിയൂഷനൽ ഫാമിംഗ് വർക്ക്‌ഷോപ്പുകൾ നടത്തുമെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ബുഖാരി അറിയിച്ചു. പതിനായിരം കുട്ടികർഷകരെ വൈസനിയം സമ്മേളന കാലയളവിൽ കാർഷിക രംഗത്തേക്ക് സജ്ജരാക്കും. ഒഴിവുസമയങ്ങൾ ക്രിയാത്മകമായി കാർഷിക രംഗത്ത് വിനിയോഗിക്കുന്നതിനും വിദ്യാലയത്തിലും പുരയിടത്തിലും മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കുന്നതിനും പരിശീലനം നൽകും.
വൈസനിയം കാർഷിക അവാർഡുകൾ തോരപ്പ മുസ്തഫ ചെമ്മങ്കടവ്, ബഷീർ പട്ടാലിൽ വള്ളിക്കാപ്പറ്റ(കൂട്ടിലങ്ങാടി), ബദ്‌റുദ്ധീൻ പുതാറമ്പത്ത് ഊരകം(ഊരകം), ഇബ്‌റാഹീം ചോലക്കൽ ഈസ്റ്റ് കോഡൂർ(കോഡൂർ), അബ്ബാസ് പി.പി ആലത്തൂർപടി(മലപ്പുറം), ഏനി മുക്കിൽ ഹൗസ് ചേങ്ങോട്ടൂർ (പൊന്മള), യാസിൻ പൊല്ലറമ്പൻ പുല്ലാര (പൂക്കോട്ടൂർ), അബ്ദുൽ ഗഫൂർ പറമ്പൻ ഇരുമ്പുഴി(ആനക്കയം) എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, നൗഫൽ മാസ്റ്റർ കോഡൂർ, പി പി സുനീർ( സി പി ഐ ജില്ലാ സെക്രട്ടറി), ഒ. സഹദേവൻ (പ്രതിപക്ഷ നേതാവ്, മലപ്പുറം നഗരസഭ), സുലൈമാൻ ഫൈസി കിഴിശ്ശേരി, നൗഫൽ മാസ്റ്റർ കോഡൂർ, ദുൽഫുഖാറലി സഖാഫി, ഉമർ പാക്കാടൻ എന്നിവർ പ്രസംഗിച്ചു

Recent Comments