മലപ്പുറം: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ഇതു വരെ കാണാത്ത ദൃശ്യങ്ങളുമായി വണ്‍ ഡേ ഇന്‍ ഹറം ആദ്യമായി ഇന്ത്യയിലെത്തുന്നു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ചാണ് ഇതിന്‍റെ പ്രദര്‍ശനം നടക്കുന്നത്.
ഹറം പള്ളിയുടെ മാനേജ്മെന്‍റ് ഓഫീസിന്‍റെ സഹകരണത്തോടെ നിര്‍മിച്ച 82 മിനുട്ട് ദൈര്‍ഘ്യമുള്ള ഫിലിം നിര്‍മിച്ചത് പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ അബ്റാര്‍ ഹുസൈന്‍ ആണ്. രണ്ട് കോടിയോളം രൂപയാണ് ചിലവ്. യു.എസ്, യു.കെ, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.
മക്ക-മദീന പള്ളികളുടെ ചുമതല കൂടി വഹിക്കുന്ന മക്ക ഇമാം ശൈഖ് സുദൈസാണ് ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായതും മനുഷ്യ ദൃഷ്ടികള്‍ക്ക് ഒപ്പിയെടുക്കാനാവാത്തതുമായ ഫ്രൈമുകളാണ് ഇതിന്‍റെ പ്രത്യേകത. ഹെലികോപ്ടര്‍, ഹെലി ക്യാം എന്നിവയും അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുമുപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പലതും വിശ്വാസി മനസ്സുകളെ പുണ്യ ഹറമിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സംസം കിണറിന്‍റെ ഉള്‍ ഭാഗത്തേക്ക് ഹെലി ക്യാം പറത്തിയെടുത്ത ദൃശ്യങ്ങളും നഗ്ന നേതൃങ്ങള്‍ക്ക് പകര്‍ത്താനാവാത്ത ഹജറുല്‍ അസ്വദിന്‍റെ കാഴ്ചയും ആരെയും പിടിചച്ചരുത്തുന്നതാണ്.
ഹറമിലെ ജോലിക്കാരിലൂടെ പുണ്യ ഗേഹത്തിന്‍റെ കഥ പറയുന്നുവെന്നതാണ് ഡോക്യുമെന്‍ററിക്ക് സംവിധായകന്‍ അബ്റാര്‍ ഹുസൈന്‍ നല്‍കുന്ന വിശദീകരണം. സുബ്ഹി നിസ്കാരത്തിനു മുന്നേ തുടങ്ങുന്ന ഫിലിം അവസാനിക്കുന്നത് ഇശാ നിസ്കാരത്തോടെയാണ്. വെയിലിന്‍റെ ചലനങ്ങള്‍ക്കൊപ്പം ഹറമിലെ വിവിധ വകുപ്പുകള്‍ വിശ്വാസികള്‍ക്ക് ഒരുക്കുന്ന സംവിധാനങ്ങളും വെള്ളിയാഴ്ച ഖുതുബയുമെല്ലാം ചേര്‍ത്ത് ഹറമിലെത്തിയവര്‍ക്കും പോകാത്തവര്‍ക്കും ഒരു പോലെ വിസ്മയമാകുന്നു ഹറമിലെ ഒരു ദിനം.
ഇതുവരെ പ്രദര്‍ശനം നടന്ന സ്ഥലങ്ങളിലെല്ലാം ടിക്കറ്റ് വെച്ച് ആളുകളെ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍, വൈസനിയത്തോടനുബന്ധിച്ച് സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ അബ്റാര്‍ ഹുസൈന്‍ പറയുന്നു.
വൈസനിയം സമ്മേളനത്തിന്‍റെ രണ്ടാം ദിനമായ ഡിസംബര്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രദര്‍ശനത്തിനായി സംവിധായകന്‍ അബ്റാര്‍ ഹുസൈനും സംഘവും കേരളത്തിലെത്തുന്നുണ്ട്. ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.