മഅ്ദിൻ വൈസനിയം 'ആടും കൂടും' പദ്ധതിക്ക് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിയുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുന്നതാണ് പ്രസ്തുത പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പാരമ്പര്യ സംസ്‌കാരമായ കൃഷി സംസ്ഥാനത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന സമൂഹം കാർഷിക രംഗം കൈവെടിയുമ്പോൾ മൃഗസംരംക്ഷണ രംഗത്തും ക്ഷീരോൽപാദനത്തിനും പ്രചോദനം നൽകുന്ന ഇത്തരം കാൽവെപ്പുകൾ പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ വായുവും ശുദ്ധ ജലവും മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അത് നിലനിർത്താൻ ജൈവവൈവിധ്യങ്ങൾ കാത്തു സംരക്ഷിക്കണം. അതിനായുള്ള കൂട്ടമായ പ്രവർത്തനങ്ങൾ സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅ്ദിൻ കാമ്പസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
നിർധനരായ കുടുംബങ്ങൾക്ക് ആടും ആട്ടിൻകൂടും വിതരണം ചെയ്യുന്ന സംരംഭമാണ് വൈസനിയം ആടും കൂടും പദ്ധതി. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് കുടുംബങ്ങൾക്കാണ് ആടും കൂടും വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷീരോൽപാദന, മൃഗ സംരക്ഷണ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച തിരഞ്ഞെടുത്ത കർഷകർക്ക് മന്ത്രി വൈസനിയം അവാർഡ് സമ്മാനിച്ചു.
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഫറോക്ക്, താജ് മൻസൂർ വലിയാട്, മോഹനൻ താനൂർ, ശാഹുൽ ഹമീദ് കരേക്കാട്, യുസുഫ് അലി എം.കെ കരേക്കാട്, നൗഷാദ് മേലേത്തൊടി വേങ്ങര, ഭാസ്‌കരൻ കാവുങ്ങൽ, മുഹമ്മദ് അബ്ദുറഹ്്മാൻ ഓമാനൂർ, മുജീബ് ആലിൻചുവട് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കാർഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് 2009ലെ മഅ്ദിൻ അക്കാദമിയുടെ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വിത്തുകളും കാർഷികോപകരണങ്ങളും വിതരണം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിക്ക് കഴിഞ്ഞ ദിവസം സ്വലാത്ത് നഗറിൽ തുടക്കമായി. ആദ്യഘട്ടത്തിൽ പതിനായിരം കുടുംബങ്ങൾക്കുള്ള വാഴക്കന്ന് വിതരണവും മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ആടും കൂടും പദ്ധതി നടപ്പിലാക്കുന്നത്. അഗ്രോ സ്‌പെയസ് പദ്ധതിയുടെ ഭാഗമായി നിരവധി കാർഷിക, സ്വയം തൊഴിൽ പദ്ധതികൾക്ക് വൈസനിയം സമ്മേളന കാലയളവിൽ തുടക്കമാകും.
ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, ദുൽഫുഖാറലി സഖാഫി, നൗഫൽ മാസ്റ്റർ കോഡൂർ, സഈദ് ഊരകം എന്നിവർ സംസാരിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved