സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങളുടെ അമേരിക്കൻ നോളജ് ഹണ്ടിന് തുടക്കം

ന്യൂയോർക്ക്: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അമേരിക്കൻ നോളജ് ഹണ്ട് ആരംഭിച്ചു. ന്യൂയോർക്ക്, വാഷിംഗ്ടൺ, ബോസ്റ്റൺ, ന്യൂജേഴ്‌സി, അറ്റ്‌ലാന്റ, ഫ്‌ളോറിഡ, സാൻഫ്രാൻസിസ്‌കൊ, ലോസാഞ്ചൽസ് എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ബുധനാഴ്ച യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ, വംശഹത്യാ വിപാടനത്തിനായുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗിന്റെ ഓഫീസ് എന്നിവ സംഘടിപ്പിക്കുന്ന വേദികളോടെ നോളജ് ഹണ്ടിന് ഔദ്യോഗിക തുടക്കമാവും. വാഷിംഗ്ടണിൽ നെറ്റ്‌വർക്ക് ഓഫ് റിലിജിയസ് പീസ്‌മേക്കേഴ്‌സ്, ഷെങ്‌ഹെ ഇന്റർനാഷനൽ ഫൗണ്ടേഷൻ, ഇബ്‌നു അറബി സൊസൈറ്റി എന്നിവർ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ബെർകിലിയിൽ ശൈഖ് ഹംസ യൂസുഫിന്റെ നേതൃത്വത്തിലുള്ള സൈതൂന കോളേജ്, അറ്റ്‌ലാന്റയിലെ മദീന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തങ്ങൾക്ക് സ്വീകരണം നൽകും.
മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹാർവാഡ്, ന്യൂയോർക്ക്, കാലിഫോർണിയ യൂണിവേഴ്‌സിറ്റികൾ എന്നിവ സന്ദർശിക്കുന്ന ഖലീൽ തങ്ങൾ സാൾട്ടലൈക് സിറ്റിയിലെ ബി.വൈ.യു യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത സൗഹൃദ സന്ദർശന പരിപാടിയിൽ പ്രത്യേക അതിഥിയായി സംബന്ധിക്കും.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ ഖലീൽ തങ്ങൾക്ക് മലയാളി പ്രതിനിധികൾ സ്വീകരണം നൽകി. ഹനീഫ എരണിക്കൽ, മൂസ നെച്ചികാട്, നൗഫൽ ന്യൂജേഴ്‌സി, ഷിഹാബ് ന്യൂജേഴ്‌സി തുടങ്ങിയവർ നേതൃത്വം നൽകി. മഅ്ദിൻ അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ഡോ. അബ്ബാസ് പനക്കൽ, ഉമർ മേൽമുറി, അജീബ് കൊമാച്ചി എന്നിവരും മഅ്ദിൻ പ്രതിനിധി സംഘത്തിലുണ്ട്.
ഡിസംബർ 27 മുതൽ 30 വരെ മലപ്പുറത്ത് നടക്കുന്ന വൈസനിയം സമ്മേളനത്തോടനുബന്ധിച്ചുള്ള ഇബ്‌നു ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനം, ഇന്റർഫൈത്ത് കോൺഫറൻസ്, അക്കാദമിക് സമ്മേളനം എന്നിവ സംബന്ധിച്ചുള്ള ചർച്ചകളും മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്കായുള്ള സന്ദർശനങ്ങളുമാണ് നോളജ് ഹണ്ടിന്റെ ഭാഗമായി നടക്കുക.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved