മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മാനം: അർമോണിയ ജേണൽ ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അർമോണിയ ജേണൽ യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു.
അബൂദാബിയിൽ വെച്ചു നടന്ന ചടങ്ങിൽ ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് പ്രസിഡണ്ട് ശൈഖ് അബ്ദുല്ലാ ബിൻ ബയ്യ, അർമോണിയ എഡിറ്റർ ഇൻ ചീഫ് ഡോ. റോബർട്ട് ഡിക്‌സൻ ക്രയിൻ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡൻഷ്യൽ ഓഫീസ് ഉപദേശകൻ ഡോ. നസ്ർ മുഹമ്മദ് ആരിഫ് തുടങ്ങിയവരുടെ സാനിധ്യമുണ്ടായിരുന്നു.
മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം പദ്ധതികളുടെ ഭാഗമായാണ് അർമോണിയ പ്രസിദ്ധീകരണമാരംഭിക്കുന്നത്. വിവിധ സമൂഹങ്ങൾക്കിടയിൽ നില നിൽക്കുന്ന സൗഹൃദവും ഒരുമയും ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുകയുമാണ് അർമോണിയയുടെ ലക്ഷ്യം.
അമേരിക്കയിലെ വെർജീനിയയിലാണ് ജേണലിന്റെ എഡിറ്റോറിയൽ ഓഫീസ്. ഡോ. റോബർ ഡിക്‌സൻ ക്രയിനിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ എഡിറ്റോറിയൽ സമിതിയാണ് വർഷത്തിൽ മൂന്നു തവണ പ്രസിദ്ധികരിക്കുന്ന അർമോണിയയുടെ ഉള്ളടക്കം തീരുമാനിക്കുക. വിവിധ രാജ്യങ്ങളിലെ അക്കാദമിക് പണ്ഡിതരും സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് വിപുലമായ അർമോണിയ പത്രാധിപ സമിതിയും ഗവേഷരുടെ കൂട്ടായ്മയും വർഷത്തിൽ മൂന്നു തവണ ഒന്നിച്ചു ചേരും. കഴിഞ്ഞയാഴ്ച മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ചേർന്ന അർമോണിയ സിമ്പോസിയമായിരുന്നു ഇതിൽ ആദ്യത്തേത്. 2018 ഏപ്രിലിൽ യു.എസിലാണ് അടുത്ത സമ്മേളനം.
‘വിവിധ സംസ്‌കാരങ്ങളുടെ സൗഹൃദാനുഭവങ്ങളെ പരിചയപ്പെടുത്താനും ഒരുമയുടെ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കാനുമാണ് അർമോണിയ ഉദ്ദേശിക്കുന്നത്. സംഘർഷത്തെക്കാളും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, ജൂത ദർശനങ്ങളുൾപ്പെടെയുള്ളവക്ക് പറയാനുളളത് പാരസ്പര്യത്തിന്റെ അനുഭവങ്ങളാണ്. ലോക നീതിയിലധിഷ്ഠിതമായ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രകാശനങ്ങൾക്ക് അർമോണിയയിലിടമുണ്ടാവും’ - ജേണൽ മുഖ്യ പത്രാധിപർ ഡോ. റോബർട്ട് ക്രയിൻ പറഞ്ഞു.
ജേണലിന്റെ പേരായി മൈത്രി എന്നർത്ഥം വരുന്ന ലാറ്റിൻ പദം തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. ‘മത സൗഹാർദ്ദത്തിന്റെ ഏറ്റവും ഉത്തമ മാതൃകയായി പരിചയപ്പെടുത്താവുന്ന ചരിത്രവും വർത്തമാനവുമാണ് കേരളത്തിനുള്ളത്. ചരിത്രത്തിലെ മലബാർ ബഹുസ്വരതയുടെ പ്രതീകമാണ്. വൈസനിയത്തിന്റെ മുഖ്യ പ്രമേയങ്ങളിലൊന്നായ മലബാർ പഠനത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ അർമോണിയയിലൂടെ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌പോ 2020 അന്താരാഷ്ട്ര ഉപദേശക അംഗമായ പ്രഫ. അദം സിമൗസ്‌കി, ശൈഖ് മഹ്ഫൂസ് ബിൻ ബയ്യ, ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ എക്‌സിക്യുട്ടീവ് ഡയറക്ടർ സെഷാൻ സഫർ, അമേരിക്കൻ അക്കൗണ്ടബിലിറ്റി പ്രൊജക്ട് ഓഫീസർ ഡോ. ജോൺ ക്രയിൻ, ഡോ. അബ്ബാസ് പനക്കൽ, മുഹമ്മദ് അനീസ്, ഉമർ മേൽമുറി, സഈദ് ഊരകം എന്നിവർ സംബന്ധിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved