സ്വലാത്ത് നഗർ: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തോടനുബന്ധിച്ച് സംഘടിക്കുന്ന ഫെസ് എക്സ്പോ ഇന്ന് വൈകുന്നേരം 3ന് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ പബ്ലിക് സ്കൂളിൽ സജ്ജീകരിക്കുന്ന എക്സ്പോ മൊറോക്കോയിലെ പൗരാണിക ഇസ്ലാമിക വൈജ്ഞാനിക നഗരിയായ ഫെസിന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള വൈസനിയം ഇന്റർനാഷണൽ ഫെസ് എക്സ്പോയിൽ വൈജ്ഞാനിക രംഗത്തെ അപൂർവ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. നാളെ മുതൽ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കും.
അറിവും അനുഭൂതിയും സമന്വയിപ്പിച്ച രീതിയിലാണ് ഓരോ പവലിയനുകളും സജ്ജീകരിച്ചിട്ടുള്ളത്. വെറും വിനോദ കാഴ്ചകളുടെ ആസ്വാദനം എന്നതിൽ നിന്ന് മാറി ആദ്യ പവലിയൻ മുതൽ വിവര ശേഖരണത്തിന് കൂടി പ്രാധാന്യം നൽകുന്ന പ്രദർശനമാണുള്ളത്. കാഴ്ച്ചകൾക്ക് ശേഷം എക്സ്പോ ആസ്പദിച്ചുള്ള വൈജ്ഞാനിക പരീക്ഷയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, അനാട്ടമി, ആർക്കിയോളജി, സെറികൾച്ചർ, റോബോട്ടിക്സ്, സിവിൽ എഞ്ചിനീയറിംങ്, ഓട്ടോ മൊബൈൽ എഞ്ചിനീയറിംങ്, ഇലക്ട്രോണിക് എഞ്ചിനീയറിംങ്, ഓട്ടോ മേഷൻ ടെക്നോളജി തുടങ്ങിയ 14 മോഡേൺ സയൻസ് വിഷയങ്ങൾ എക്സ്പോയിൽ കാഴ്ച്ചയാവുന്നുണ്ട്.
പനാമ കനാൽ, ഓട്ടോ മൊബൈൽ ഹബ്ബ്, ഹിസ്റ്റോറിക്കൽ മ്യൂസിയം, ഫിഷിംഗ് ലാബ്, ഖുർആൻ സയൻസോറിയം, കയർ നിർമ്മാണം, ലൈവ് ത്രിഡി, കടൽ കാഴ്ചകൾ, പട്ടുൽപാദനം, പരിശുദ്ധ ഭൂമികൾ, പെറ്റ് ഷോ, കൗതുക ജീവികൾ, കാലിഗ്രാഫി വർക്കഷോപ്പ്, സുവോളജിക്കൽ പാർക്ക്, അനാട്ടമി ലാബ് (മെഡിക്കൽ കോളേജ്), സ്നൈക്ക് ഷോ, കിൻഫ്ര പാർക്ക്, കൗതുക മത്സ്യങ്ങൾ, അമേരിക്കൻ പാവ തുടങ്ങിയ 50 സ്റ്റാളുകളും പവലിയനുകളുമാണ് എക്സ്പോയിലുള്ളത്. അണ്ടർ വാട്ടർ വേൾഡും റോബോട്ടിക്സ് ആന്റ് ഇന്നവേഷനുമാണ് എക്സ്പോയിലെ മുഖ്യ ആകർഷണം. രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് പ്രദർശനം. ജില്ലക്കകത്തും പുറത്ത് നിന്നുമുള്ള മദ്റസ സംഘങ്ങൾക്ക് എക്സ്പോ സന്ദർശനത്തിനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. നാളെ കണ്ണൂരിൽ നിന്നുള്ള ആദ്യ മദ്റസ സംഘം എത്തും. എക്സ്പോ വൈസനിയം സമാപന ദിവസമായ ഡിസംബർ 30ന് സമാപിക്കും. എക്സ്പോയോടനുബന്ധിച്ച് വിപണനത്തിനായി ഫാസ് സൂക്കും സംവിധാനിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9656601041
Recent Comments