മലപ്പുറം: സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമിയുടെ സുപ്രധാന കാമ്പസുകളിലൊന്നായ എജ്യു പാർക്കിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം നിർവ്വഹിച്ചു. പുതുതലമുറയുടെ വൈജ്ഞാനിക ഭാവിക്കായി അത്യാധുനിക പഠന സംവിധാനങ്ങളൊരുക്കുന്ന മഅ്ദിൻ അക്കാദമി ഇരുപത് വർഷം കൊണ്ട് ഗണ്യമായ വളർച്ചയാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ച മഅ്ദിൻ ശിൽപി ഖലീൽ ബുഖാരി തങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായാണ് അറുപത് ഏക്കർ വിസ്തൃതിയിൽ 4000 വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങളൊരുക്കുന്ന കാമ്പസ് നാടിന് സമർപ്പിച്ചത്. സ്പീക്കർ പി. ശ്രീമരാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മതവിദ്യാഭ്യാസം ശാസ്ത്രവുമായും സാങ്കേതികതയുമായും യോജിച്ചുപോകാത്തതാണെന്ന ധാരണയെ തിരുത്തുകയാണ് മഅ്ദിൻ അക്കാദമിയെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ശിഥിലമാവാതെ സമാഹരിക്കാനുള്ള ശേഷിയാണ് ഇന്ത്യയെ മഹത്തരമാക്കുന്നത്. വിവിധ ആശയങ്ങൾ നിലകൊള്ളുന്ന സമൂഹത്തിൽ നിന്നും മത സഹിഷ്ണുതയുടെ സന്ദേശം നൽകുന്ന മഅ്ദിൻ കാലത്തിന്റെ മാറ്റങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. പുതിയ അറിവുകളെ പ്രക്രിയാ വത്കരിക്കാൻ കഴിയുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ മഅ്ദിൻ അക്കാദമി നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം സന്ദേശം നൽകി. യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ തലവൻ ഡോ. നാസിർ അബ്ദുൽ അസീസ് അൽ നാസിർ ചടങ്ങിൽ മുഖ്യാതിഥിയായി. പി. ഉബൈദുല്ല എം.എൽ.എ, എ.പി അബ്ദുൽ കരീംഹാജി, പ്രശസ്ത വാസ്തു കലാ ശിൽപി നസീർ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
1997ൽ 118 വിദ്യാർത്ഥികളുമായി ആരംഭിച്ച മഅ്ദിൻ അക്കാദമി വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ആദ്യ കാമ്പസാണിത്. ധാർമികാടിത്തറയിൽ നിന്നു കൊണ്ട് ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സാധ്യമാക്കുക, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും മുറുകെ പിടിച്ചു തന്നെ നവീനമായ മേഖലകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യമാണ് എജ്യു പാർക്കിനുള്ളത്.
മേൽമുറി വില്ലേജിന് അതിരിടുന്ന കൊളായി മലയുടെ നെറുകയിൽ പണിതുയർത്തിയിരിക്കുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ്് പണി പൂർത്തിയായി ഉദ്ഘാടനം നിർവ്വഹിച്ചത്. ആർട്്സ് ആൻഡ് സയൻസ് കോളേജ്, കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ടെക്നോറിയം റെസിഡൻഷ്യൽ കാമ്പസ്, ആംപിൾ ഷോർ, ബ്ലൈന്റ് സ്‌കൂൾ, വൊക്കേഷനൽ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഹയർ സെക്കണ്ടറി സ്‌കൂൾ, സൈടെക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് എജ്യൂപാർക്കിലുള്ളത്.
മഅ്ദിൻ അക്കാദമിക്കു കീഴിലെ സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസ്, പോളി ടെക്‌നിക് കോളേജ്, മഹബ്ബ സ്‌ക്വയർ, മ്യൂസിയം ആൻഡ് റിസർച്ച് സെന്റർ എന്നിവയോട് ചേർന്നാണ് എജ്യു പാർക്ക് സ്ഥിതി ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി ഹിൽ വ്യൂ ഗാർഡൻ എന്ന റസിഡൻഷ്യൽ സെന്ററും പണി പൂർത്തിയായി വരുന്നു. മഅ്ദിൻ വിദേശ പഠന കേന്ദ്രത്തിൽ ഇപ്പോൾ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ ട്രൈനിംഗിനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളിലേക്കുള്ള ഉപരി പഠനത്തിനുള്ള വാതായനമാണ് ഇതിലൂടെ മഅ്ദിൻ തുറന്നിടുന്നത്.

Recent Comments