മലബാർ പഠനങ്ങളുടെ പൊരുൾ തേടാൻ അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത സമ്മേളനം

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി വിവിധ യൂണിവേഴ്‌സിറ്റികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഒരുക്കുന്ന മലബാർ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ചൊവ്വ, ബുധൻ തിയ്യതികളിൽ നടക്കും. ‘സഞ്ചാരം, വ്യാപാരം, പാരമ്പര്യം, ഒഴുക്കുകൾ’ എന്ന പ്രമേയത്തിലൂന്നി വിശ്വപ്രസിദ്ധ സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ നാമധേയത്തിലുള്ള പരിപാടി കോഴിക്കോട് ഹൈലൈറ്റ് കോൺഫറൻസ് ഹാളിലാണ് ഒരുക്കുന്നത്.
2017 മാർച്ച് മാസത്തിൽ മൊറോക്കോയിലെ അഗാദിർ സർവകലാശാലയിൽ നടന്ന ഇബ്‌നു ബത്തൂത്ത കോൺഫറൻസിന്റെ തുടർച്ചയായാണ് സമ്മേളനത്തിന് മഅ്ദിൻ ആഥിത്യമരുളുന്നത്. ആഗാദിർ യൂണിവേഴ്‌സിറ്റിക്കു പുറമെ മലേഷ്യൻ അന്താരാഷ്ട്ര ഇസ്‌ലാമിക് സർവകലാശാല, യു.എൻ.എ.ഒ.സി, ഹംദർദ് ഫൗണ്ടേഷൻ എന്നിവരും സംഘാടക സമിതിയിലുണ്ട്.
കേരളം, തമിഴ്‌നാട്, കർണാടകയുടെയും ചില ഭാഗങ്ങൾ എന്നിവയെല്ലാമുൾപ്പെട്ട വിശാലമായ ഭൂപ്രദേശത്തിനാണ് ചരിത്രത്തിൽ മലബാർ എന്ന് വിശേഷിപ്പിക്കുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിൽ അതി പ്രാചീന കാലം മുതലേ നിലനിന്ന ആഗോള വ്യാപാര ശൃംഖലയിലെ വിശ്വസ്ത കണ്ണിയായിരുന്നു എക്കാലവും മലബാർ. ചൈന മുതൽ ജാവ, സിലോൺ, മാലിദ്വീപ് വഴി പേർഷ്യയിലേക്കും തുടർന്ന് യൂറോപിലേക്കും നീണ്ട വ്യപാരത്തിലെ രണ്ട് ലോകത്തേയും ബന്ധിപ്പിച്ച പ്രദേശമായിരുന്നു മലബാർ. ഈ ബന്ധങ്ങൾ മലബാറിൽ സവിശേഷമായൊരു സാംസ്‌കാരിക ഭൂമികയെ രൂപപ്പെടുത്തി.
പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ സഞ്ചാരി ഇബ്‌നു ബത്തൂത തന്റെ ആഗോള സഞ്ചാരത്തിനിനിടയിൽ മലബാർ സന്ദർശിച്ച് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖ നഗരം എന്നും മഹിമയിൽ ഈജിപ്തിലെ പ്രസിദ്ധ അലക്‌സാണ്ട്രിയ തുറമുഖത്തോടും ഉപമിച്ച കോഴിക്കോട് നഗരത്തിലാണ് ഇബ്‌നു ബത്തൂത അകാദമിക് സമ്മേളനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മലബാറിന്റെ സവിശേഷമായ ഈ വ്യാപാര-സാംസ്‌കാരിക വിനിമയ ബന്ധങ്ങൾ, പ്രാചീന കാലത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന രേഖകൾ, ചരിത്ര വ്യക്തിത്വങ്ങൾ, മലബാർ ചരിത്ര പഠനത്തിലുള്ള വ്യത്യസ്ത തലങ്ങൾ, പ്രാഥമിക ചരിത്ര രേഖകൾ തുടങ്ങി ആഴത്തിലുള്ള ചർച്ചകളാണ് ഈ അക്കാദമിക് സമ്മേളനത്തിലുണ്ടാവുക. ഇബ്‌നു ബത്തൂത പഠനങ്ങളിൽ ആഗോള പ്രശസ്തരും ഏറ്റവും മികച്ച പഠനങ്ങൾ നടത്തിയവരുമായ ഗവേഷകർ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കും.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.ibics.net

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved