ചിരിവാതിൽ തുറന്ന് വിസ്മയ വേദിയിൽ..

മലപ്പുറം: നിർമ്മിത ബുദ്ധിയുടെ സഹായത്താൽ രൂപകൽപ്പന ചെയ്ത ചിരിച്ചാൽ മാത്രം തുറക്കുന്ന വാതിൽ ശ്രദ്ധേയമായി. മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രിപ്പെററ്റ്‌റി കോൺഫറൻസ് ഹാളിൽ സ്ഥാപിച്ച സ്‌മൈൽ ഗേറ്റാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഗേറ്റിന് മുന്നിൽ വന്ന് മനസ്സുനിറഞ്ഞ് ചിരിച്ചാണ് അതിഥികളും പ്രതിനിധികളുമെല്ലാം സദസ്സിലേക്ക് വന്നത്. മഅ്ദിൻ അക്കാദമി റിസർച്ച് ആൻഡ് ഇന്നൊവേഷൻ വിഭാഗമാണ് സ്‌മൈൽ ഗേറ്റ് രൂപ കൽപ്പന ചെയ്തത്.
ഗേറ്റിന്റെ ഉദ്ഘാടനം മഅ്ദിൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ നിയമ സഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. മുഹബ്ബത്തിന്റെ ചിരികൊണ്ട് ഖൽബ് നിറക്കാമെന്ന് പറഞ്ഞ മോയിൻകുട്ടി വൈദ്യാരുടെ നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച സ്‌മൈൽ ഗേറ്റ് മഹത്തായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ സ്്‌മൈൽ ഗേറ്റ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭമെന്ന നിലയിലാണ് പ്രിപ്പെററ്റ്‌റി കോൺഫറൻസിൽ അവതരിപ്പിച്ചത്.
യു എസി ലെ എം ഐ ടിയുടെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഫാബ് ലാബിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫ്യൂച്ചർ ലാബിന്റെയും സഹായത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. മഅ്ദിൻ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡിപ്പാർട്ട് മെന്റിലെ ശാക്കിറുല്ലാഹി, യാസിർ. എൻ വി, അശ്ഹർ, മുസ്ഥഫ മൂന്നിയൂർ, എന്നിവരാണ് നേതൃത്വം നൽകിയത്.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved