വൈസനിയം ജീവ മരം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ജീവ മരം പദ്ധതി കർണാടക മന്ത്രി യു. ടി ഖാദർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മരത്തൈകൾ വിതരണം ചെയ്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിലൂടെ കാൽ ലക്ഷം കുടുംബങ്ങളിലേക്ക് തൈകൾ എത്തിക്കാനാണ് പദ്ധതി.
കേരള വനം വകുപ്പ് നൽകിയതും മഅ്ദിൻ ഹരിത പദ്ധതിക്കു കീഴിൽ സംഘടിപ്പിച്ചതുമായ തൈകളാണ് വിതരണം ചെയ്യുന്നത്. പ്രകൃതി സൗഹൃദ ജീവിത രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അവരെ ഹരിത അംബാസിഡർമാരാക്കി മാറ്റുകയും ചെയ്യുന്നത് ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇല്ലാതെയാകുന്ന പച്ചപ്പിന്റെ ദുരിതം അനുഭവിക്കേണ്ടി വരിക മുതിർന്നവരെക്കാൾ ഭാവി തലമുറയാണ്. മരങ്ങൾ വെച്ചു പിടിപ്പിക്കാനും അവ പരിചരിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുടുംബങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഈയർത്ഥത്തിൽ ജീവ മരം പദ്ധതി നമ്മുടെ പരിസ്ഥിതിയോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ പുതിയ സക്കാരിൽ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മഅ്ദിൻ അക്കാദമിയിലെത്തിയ മന്ത്രിയെ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജുമുഅ നിസ്‌കാരത്തിന് ഗ്രാന്റ് മസ്ജിദിലെത്തിയ അദ്ദേഹം പ്രാരത്ഥനക്കെത്തിയ അംഗ പരിമിതരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കേരള കർണാടക അതിർത്തിയിലെ പ്രവേശന നികുതിയിൽ നിന്ന് അംഗപരിമിതരായ ആളുകൾ സഞ്ചരിക്കുന്ന ടാക്‌സികളെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജസ്ഫർ കോട്ടക്കുന്നിന്റെ നേതൃത്വത്തിലുള്ള മഅ്ദിൻ ഏബ്ൾ വേൾഡ് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനായിരുന്നു. മഅ്ദിൻ പബ്ലിക് സ്‌കൂൾ പ്രൻസിപ്പൽ സൈതലവിക്കോയ മാസ്റ്റർ, ഉണ്ണിപ്പോക്കർ മാസ്‌ററർ, അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, മാനേജർ അബ്ദുറഹിമാൻ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved